പത്രികാ സമർപ്പണം പൂർത്തിയായി; നാളെ സൂക്ഷ്മപരിശോധന, അന്തിമ ചിത്രം വ്യാഴാഴ്ച തെളിയും

  1. Home
  2. Trending

പത്രികാ സമർപ്പണം പൂർത്തിയായി; നാളെ സൂക്ഷ്മപരിശോധന, അന്തിമ ചിത്രം വ്യാഴാഴ്ച തെളിയും

election


കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിച്ചു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കും സീറ്റ് വിഭജന തർക്കങ്ങൾക്കും ഒടുവിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പ്രമുഖരടക്കമുള്ള സ്ഥാനാർത്ഥികൾ പത്രികാ സമർപ്പണം പൂർത്തിയാക്കിയത്. അവസാന ദിനമായ ഇന്ന് വലിയ തിരക്കാണ് വിവിധ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസുകളിലും അനുഭവപ്പെട്ടത്.

പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പത്രിക സമർപ്പിച്ചു. തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബൂയുസഫ്, തിരുവനന്തപുരത്ത് കെ.എസ്. ശബരീനാഥൻ, വി.എസ്. ശിവകുമാർ, അരുവിക്കരയിൽ ജെ.എസ്. സ്റ്റീഫൻ, ഇടത് സ്ഥാനാർത്ഥി സുധീർ കരമന തുടങ്ങി നിരവധി പ്രമുഖരും ഇന്ന് പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു. പത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ രംഗങ്ങൾക്കും ചില മണ്ഡലങ്ങൾ സാക്ഷ്യം വഹിച്ചു.

ഇന്നലെ വരെ 341 സ്ഥാനാർത്ഥികളിൽ നിന്നായി 607 നാമനിർദേശ പത്രികകളാണ് ലഭിച്ചിരുന്നത്. എന്നാൽ അവസാന ദിനമായ ഇന്ന് വിവിധ മണ്ഡലങ്ങളിലായി 1,500-ലധികം പത്രികകൾ സമർപ്പിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. സ്ഥാനാർത്ഥികൾക്ക് പുറമെ ഡമ്മി സ്ഥാനാർത്ഥികളും പത്രിക നൽകിയതിനാലാണ് എണ്ണത്തിൽ ഈ വർദ്ധനവുണ്ടായത്. ഇതിന്റെ കൃത്യമായ കണക്കുകൾ പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകാതെ ഔദ്യോഗികമായി പുറത്തുവിടും.

സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ (ചൊവ്വാഴ്ച) നടക്കും. പത്രികകളിൽ എന്തെങ്കിലും സാങ്കേതിക പിഴവുകളോ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുകളോ ഉണ്ടോ എന്ന് നാളത്തെ പരിശോധനയിൽ വ്യക്തമാകും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ മുന്നണികൾ സജീവമാക്കുന്നതും ഈ ദിവസങ്ങളിലാകും. വ്യാഴാഴ്ചയ്ക്ക് ശേഷം മാത്രമേ ഓരോ മണ്ഡലത്തിലെയും മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം വ്യക്തമാകൂ.