ഗോവ നിശാക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ
ഗോവയിലെ നിശാക്ലബ് തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ട കേസിൽ, ക്ലബ് ഉടമസ്ഥരായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെ തായ്‌ലൻഡിൽ വെച്ച് പിടികൂടി. ഡിസംബർ 9-നാണ് തീപിടിത്തം ഉണ്ടായത്. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഇരുവരും രാജ്യം വിടുകയായിരുന്നു. ഇവരെ കൈകൾ കെട്ടിയ നിലയിൽ പോലീസ് സ്റ്റേഷനിലെത്തിച്ച ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വടക്കൻ ഗോവയിലെ അർപ്പോറ ഗ്രാമത്തിലുള്ള 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' എന്ന ക്ലബിനാണ് തീപിടിച്ചത്. ഡിസംബർ 9-നായിരുന്നു അപകടം. ഡൽഹിയിൽ നിന്നുള്ള ലൂത്ര സഹോദരങ്ങളുടെ ഉടമസ്ഥതയിൽ നാല് രാജ്യങ്ങളിലായി 22 റോമിയോ ലെയ്ൻ ഔട്ട്ലെറ്റുകളാണുള്ളത്. ഇരുവർക്കുമെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
തായ്‌ലൻഡിലേക്ക് കടന്ന പ്രതികളെ ഉടൻ തന്നെ നാടുകടത്താൻ ഇന്ത്യ സമ്മർദം ചെലുത്തിയിരുന്നു. ഇന്ത്യൻ അധികൃതർ തായ്‌ലൻഡിലെത്തി 24 മണിക്കൂറിനകം ഇരുവരെയും തിരിച്ചെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇരുവരും നിലവിൽ മുൻകൂർ ജാമ്യത്തിനായി ഡൽഹി കോടതിയെ സമീപിച്ചിട്ടുണ്ട്. ബിസിനസ് മീറ്റിങ്ങിനായാണ് തായ്‌ലൻഡിലേക്ക് പോയതെന്നും, അവിടെ വെച്ചാണ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞതെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവരുടെ ബിസിനസ് പങ്കാളിയായ അജയ് ഗുപ്തയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
