ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി; ഫെയർവാല്യു പരിഷ്‌കരിക്കും

  1. Home
  2. Trending

ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി; ഫെയർവാല്യു പരിഷ്‌കരിക്കും

TAX


സംസ്ഥാനത്ത് ഫ്‌ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പറഞ്ഞു. സംസ്ഥാനത്തെ ഫ്‌ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് (ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്നാണു പ്രഖ്യാപനം. ഫ്‌ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്‌ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നൽകണമെന്ന ആവശ്യം നേരത്തെ മുതലുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഫെയർവാല്യു കുറ്റമറ്റ രീതിയിൽ പരിഷ്‌കരിച്ച് ഓരോ വസ്തുവിന്റെയും ഉപയോഗക്രമം അനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുമെന്നും ബജറ്റിൽ പറയുന്നു. ഫെയർവാല്യു തുക അവസാനമായി നിശ്ചയിച്ചത് 2010ലാണ്. തുടർന്ന് ഫെയർവാല്യു നിരക്കിൽ കാലാകാലങ്ങളിൽ നിശ്ചിത ശതമാനം വർധനവ് വരുത്തിവരികയായിരുന്നു. 2010നു ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി വിലയിൽ ഉണ്ടായ വർധന കണക്കിലെടുത്താണ് ഇപ്പോൾ ഫെയർവാല്യു കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കാൻ നടപടിയെടുക്കുന്നത്.