വിമാന സർവീസുകൾ താറുമാറായി; ഇൻഡിഗോക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും വൈകിക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.20 കോടി രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതരമായ വീഴ്ചകൾ യാത്രക്കാരെ ബുദ്ധിമുട്ടിച്ചുവെന്ന് വിലയിരുത്തിയാണ് ഈ കർശന നടപടി. പിഴയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇൻഡിഗോയ്ക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ 15 ദിവസത്തോളമാണ് ഇൻഡിഗോയുടെ സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടത്. ഏകദേശം 2,507 സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തതിനെത്തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഡിജിസിഎ നിയമിച്ച നാലംഗ സമിതി കമ്പനിയുടെ നെറ്റ്‌വർക്ക് പ്ലാനിംഗ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തി.
മതിയായ മുൻകരുതലുകൾ ഇല്ലാത്തതും സോഫ്റ്റ്‌വെയർ പിന്തുണയിലെ പോരായ്മകളും മാനേജ്‌മെന്റ് തലത്തിലെ വീഴ്ചകളുമാണ് സർവീസുകൾ താറുമാറാകാൻ കാരണമെന്ന് സമിതി കണ്ടെത്തി. പ്രവർത്തനങ്ങൾ അമിതമായി ഒപ്റ്റിമൈസ് ചെയ്യാൻ ശ്രമിച്ചത് തിരിച്ചടിയായെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
