വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണ പരാജയം, മന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ്

  1. Home
  2. Trending

വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണ പരാജയം, മന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ്

bisop


വന്യമൃഗങ്ങളുടെ ആക്രമണം തുടർച്ചയാകുന്നതിനിടെ വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍. ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വനംമന്ത്രി രാജിവെക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇനിയും കൈ കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. നിയമം കയ്യിലെടുത്തെന്ന ആക്ഷേപവുമായി വരരുത്. നിയമം കയ്യിലെടുക്കേണ്ടുന്ന സാഹചര്യം വന്നാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാറിനെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ നിന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കര്‍ഷക പ്രതിനിധി മത്സരിക്കും. മുഖ്യമന്ത്രിയടക്കമുള്ള ഒരാളെയും പോയി കാണില്ലെന്നും ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കർണാട റേഡിയോ കോളർ ധരിപ്പിച്ച് വനത്തിലേക്ക് തുറന്നുവിട്ട മോഴയാന മാനന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്നത്.

47 കാരനായ അജീഷിനെ വീടിന്റെ മതിൽ തകർത്തെത്തി പിന്തുടർന്ന് കൊല്ലുകയായിരുന്നു. സംഭവത്തിൽ ഇപ്പോഴും വയനാട്ടിലാകെ പ്രതിഷേധം തുടരുകയാണ്. അക്രമാസക്തനായ ഈ ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിറക്കിയെങ്കിലും ഇതുവരെയും പിടികൂടാനായിട്ടില്ല. ആനയെ പിന്തുടർന്ന് മയക്കുവെടിവെക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.