സൂക്ഷിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്‌ടപ്പെട്ടേക്കാം; ചക്ക പ്രേമികൾക്ക് അറിയിപ്പുമായി വനംവകുപ്പ്

  1. Home
  2. Trending

സൂക്ഷിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്‌ടപ്പെട്ടേക്കാം; ചക്ക പ്രേമികൾക്ക് അറിയിപ്പുമായി വനംവകുപ്പ്

jackfruit


ചക്ക സീസണായാൽ കരടികൾ കൂട്ടത്തോടും, ഒറ്റയ്ക്കും എത്തുന്നത് പതിവാണ്.ആദിവാസി മേഖലകളിലാണ് കൂടുതൽ ശല്യം. കരടിക്ക് പുറമേ കാട്ടാനകളും ചക്ക പ്രിയരാണ്.ആദിവാസി മേഖലകളിലെ ചക്ക തീർന്നാലുടൻ നാട്ടിൻപുറങ്ങളിലേക്കെത്തും.വിതുര പഞ്ചായത്തിലെ ചാത്തൻകോട്, ചെമ്മാംകാല, നാരകത്തിൻകാല, കളിയിക്കൽ, പൊടിയക്കാല, മണലി, തച്ചരുകാല, കല്ലുപാറ, തലത്തൂതക്കാവ്, മൊട്ടമൂട്, കുട്ടപ്പാറ എന്നിവിടങ്ങളിലാണ് കരടിശല്യം വർദ്ധിച്ചിട്ടുള്ളത്.

വിതുര പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കരടി ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, വനാതിർത്തികളിൽ താമസിക്കുന്നവരും, ആദിവാസികളും ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് അറിയിച്ചു.

ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയെ കരടികൾ ആക്രമിച്ച സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തി. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.ശ്രീജു, വിതുര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി മധു, പരുത്തിപ്പള്ളി ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ് എന്നിവരാണ് സന്ദർശിച്ചത്.

വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പുലർച്ചെയും,സന്ധ്യാസമയത്തും ജാഗ്രത പാലിക്കണമെന്ന് തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടായാൽ കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് വിവരമറിയിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

ഫോൺ :

തിരുവനന്തപുരം ഡിവിഷൻ : 9188407517. സ്റ്റേറ്റ് ഫോറസ്റ്റ്
എമർജൻസി ഓപ്പറേഷൻ സെന്റർ: 9188407510.