പെരുന്നാട്ടിൽ കടുവാ ഭീതി തുടരുന്നു; വനം വകുപ്പ് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു

  1. Home
  2. Trending

പെരുന്നാട്ടിൽ കടുവാ ഭീതി തുടരുന്നു; വനം വകുപ്പ് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു

kaduva


പെരുനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ വനം വകുപ്പ് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. കൂട് വച്ച് ഒരു മാസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാൻ കഴിയാതെ വന്നതോടെയാണ് പുതിയ തീരുമാനം. ഇതിനിടെ കഴിഞ്ഞ ദിവസം വീണ്ടും കടുവ ആടിനെ ആക്രമിച്ചുകൊന്നു.

ഒരു മാസത്തിലേറെയായി കടുവ ഭീതിയിലാണ് പെരുനാട്ടിലെ കോളാമലയും കോട്ടക്കുഴിയും. ഏപ്രിൽ രണ്ടിന് കുളത്ത്നീരവിൽ പശുവിനെ കടുവ ആക്രമിച്ച് കൊന്നതോടെയാണ് ജനവാസ മേഖലയിലെ കടുവയുടെ സാന്നിധ്യം നാട്ടുകാർ അറിഞ്ഞത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലും കടുവയുടെ ചിത്രങ്ങൾ പതിഞ്ഞു. ഇതിന് പിന്നാലെ ഏപ്രിൽ എട്ടിന് കൂട് സ്ഥാപിച്ചു. ഡ്രോൺ ഉപയോഗിച്ച് ദിവസങ്ങളോളം പരിശോധന നടത്തി. എന്നാൽ നാട്ടുകാർക്ക് ആശ്വാസകരമായ വാർത്തയുണ്ടായില്ല. 

പേടി കാരണം വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഉയ‍ർന്നതോടെയാണ് പ്രത്യേക ദൗത്യ സംഘത്തെ വനം വകുപ്പ് നിയോഗിച്ചത്. 24 അംഗങ്ങളുള്ള വനപാലകരുടെ സംഘം മൂന്ന് ഷിഫ്റ്റുകളിലായി രാത്രിയും പകലും കടുവയെ കണ്ട പ്രദേശങ്ങളിൽ തെരച്ചിൽ നടത്തും. ഇതിനായി ബഥനിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും തുറന്നു. ഈ മാസം ആദ്യം കടുവ ആക്രമണത്തിൽ ചത്ത പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരവും വിതരണം ചെയ്തു.