മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എൽഡിഎഫ് മുൻ സ്ഥാനാർഥി; 'രാജാവ് നഗ്നനാണ്'
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എൽഡിഎഫ് മുൻ സ്ഥാനാർഥി. തിരൂരങ്ങാടിയിൽ സ്ഥാനാർഥിയായിരുന്ന നിയാസ് പുളിക്കലകത്താണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. കുടുംബത്തെ സംരക്ഷിക്കാൻ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരോട് 'കടക്ക് പുറത്ത്' എന്ന് പറയാൻ ആർജവമുള്ള നേതാക്കൾ വേണമെന്ന് നിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സ്വന്തം താത്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റുകൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല മൂന്ന് കോടിയിലധികം വരുന്ന കൊച്ചുകേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയേയും സ്വപ്നവുമാണ് എന്ന് മറക്കരുതെന്നും നിയാസ് ഓർമിപ്പിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആളുടെ ചിത്രവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്."