നാലാം ഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബോംബേറിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

  1. Home
  2. Trending

നാലാം ഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബോംബേറിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

Election


രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് ആദ്യത്തെ രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ 10.35 ശതമാനം പോളിംഗെന്ന് റിപ്പോർട്ട്. ഒമ്പത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്മീരിലേതും ഉൾപ്പെട്ട 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നിരവധി പ്രമുഖർ രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കുളള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. 

നിരവധി പ്രമുഖ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളതിനാൽ പശ്ചിമ ബംഗാളിലേയും ഉത്തർപ്രദേശിലേയും പല മണ്ഡലങ്ങളും ദേശീയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും ടിഎംസി സ്ഥാനാർത്ഥിയുമായ യൂസഫ് പഠാനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് മത്സരിക്കുന്നത്. വിവാദങ്ങളെ തുടർന്ന് ലോക്സഭയിൽ നിന്നും പുറത്തായ മഹുവ മൊയ്ത്ര കൃഷ്ണ നഗറിൽ നിന്ന് വീണ്ടും മത്സരിക്കുന്നുണ്ട്. ബീഹാറിൽ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ് ബെഗുസാരായി മണ്ഡലത്തിലും നിത്യാനന്ദ് റായി ഉജിയാർപൂർ മണ്ഡലത്തിലും ജനവിധി തേടുന്നുണ്ട്.

വോട്ടെടുപ്പ് ദിനത്തിൽ പശ്ചിമ ബംഗാളിൽ പലയിടത്തും അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. ദുർഗാപൂരിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ്(ടിഎംസി) പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബിർഭൂമിൽ ടിഎംസി പ്രവർത്തകർ പോളിംഗ് സ്റ്റേഷന് പുറത്തുളള സ്റ്റാൾ തകർത്തെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്നും വാക്കേറ്റമുണ്ടായി.ടിഎംസി പ്രവർത്തകൻ അഞ്ജാതൻ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ അവശേഷിക്കവേയാണ് ബോൾപൂർ മണ്ഡലത്തിൽ മിന്റു ഷെയ്ഖ് എന്ന യുവാവ് കൊല്ലപ്പെട്ടത്.