അഴിമതി അന്വേഷണം തടഞ്ഞു; ഫിജിയിലെ മുൻ പ്രധാനമന്ത്രിക്ക് ജയിൽ ശിക്ഷ

  1. Home
  2. Trending

അഴിമതി അന്വേഷണം തടഞ്ഞു; ഫിജിയിലെ മുൻ പ്രധാനമന്ത്രിക്ക് ജയിൽ ശിക്ഷ

frank-bainimarama


പസഫിക് ദ്വീപ് രാജ്യമായ ഫിജിയിലെ മുൻ പ്രധാനമന്ത്രിക്ക് ജയിൽ ശിക്ഷ. അഴിമതിക്കേസിലെ പൊലീസ് അന്വേഷണം തടഞ്ഞതിനാണ് ഫിജിയുടെ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ ജയിലിലായത്. പസഫിക് ദ്വീപ് രാജ്യങ്ങളിലെ ഏറ്റവും പ്രമുഖനാണ് 70ാംവയസിൽ അഴിക്കുള്ളിലാവുന്നത്. 2022ൽ വോട്ടടുപ്പിൽ പുറത്ത് ആവുന്നത് വരെ 15 വർഷത്തിലധികമാണ് ഫ്രാങ്ക് ബൈനിമരാമ ഫിജിയെ നയിച്ചത്. 

അന്തർദേശീയ തലത്തിൽ കാലാവസ്ഥാ വ്യതിയാനം പസഫിക് ദ്വീപുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള നടപടികളിലൂടെയും ഫ്രാങ്ക് ബൈനിമരാമ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യാഴാഴ്ചയാണ് കോടതി ഫ്രാങ്ക് ബൈനിമരാമയ്ക്ക് ജയിൽ ശിക്ഷ വിധിച്ചത്. സർവ്വകലാശാലയിലെ വൻ തട്ടിപ്പ് സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ നീതി ഉറപ്പിക്കാത്ത രീതിയിലുള്ള ഇടപെടലുകൾ നടത്തിയതിന് ഫ്രാങ്ക് ബൈനിമരാമ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 

2020ൽ നടന്ന അന്വേഷണം ഉപേക്ഷിക്കാൻ സുഹൃത്ത് കൂടിയായ ഫിജിയിലെ മുൻ പൊലീസ് കമ്മീഷണറോട് ഫ്രാങ്ക് ബൈനിമരാമ നിർദ്ദേശിച്ചുവെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. സൌത്ത് പസഫിക് സർവ്വകലാശാലയിലെ ജീവനക്കാരുടെ ബോണസും ശമ്പള വർധനയും സംബന്ധിച്ച ആരോപണങ്ങളിലെ അന്വേഷണമാണ് ഫ്രാങ്ക് ബൈനിമരാമ  ഇടപെട്ട് തടഞ്ഞത്. 

സർവ്വകലാശാലയ്ക്കെതിരായ അന്വേഷണം അധികാര ദുർവിനിയോഗം നടത്തി ഫ്രാങ്ക് ബൈനിമരാമയും പൊലീസ് കമ്മീഷണറും ചേർന്ന് തടഞ്ഞതായുള്ള കുറ്റം മുൻപ്രധാനമന്ത്രി നിഷേധിച്ചിരുന്നു. കീഴ്ക്കോടതി കഴിഞ്ഞ മാസമാണ് ഫ്രാങ്ക് ബൈനിമരാമയെ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കീഴ്ക്കോടതി വിധി തള്ളിയാണ് ഹൈക്കോടതി വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.

അന്വേഷണം ഉപേക്ഷിച്ചതിന് പൊലീസ് കമ്മീഷണറെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് വർഷത്തെ ശിക്ഷയാണ് പൊലീസ് കമ്മീഷണർക്ക് വിധിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ഫ്രാങ്ക് ബൈനിമരാമക്കെതിരെ ഉയർന്നത്. കഴിഞ്ഞ വർഷം പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് ഫ്രാങ്ക് ബൈനിമരാമയെ സസ്പെൻഡ് ചെയ്തിരുന്നു. പുതിയ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുള്ള പ്രഭാഷണത്തിന് പിന്നാലെയായിരുന്നു ഇത്.