ജി. സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ഗോവിന്ദൻ; അനുനയിപ്പിക്കാൻ സി.പി.എം നീക്കം
പാർട്ടി വിടുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. വാർത്താസമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടി അംഗത്വം പുതുക്കണമെന്ന് അദ്ദേഹം സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, തന്റെ നിലപാടിൽ സുധാകരനും ഉറച്ചുനിന്നു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ അവഗണനയിലും പരിഹാസത്തിലും പ്രതിഷേധിച്ചാണ് സുധാകരൻ പാർട്ടി വിടാൻ തീരുമാനിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമർശനം. എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തന്നെ കളിയാക്കി ചിരിച്ചുവെന്നും താൻ ഒരു പരിഗണനയും അർഹിക്കാത്തവനാണെന്ന രീതിയിൽ സംസാരിച്ചുവെന്നും സുധാകരൻ ആരോപിച്ചിരുന്നു. ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് അംഗത്വം പുതുക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരനെപ്പോലൊരു മുതിർന്ന നേതാവ് പാർട്ടി വിടുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ പരസ്യമായി പാർട്ടി നേതൃത്വത്തെ വിമർശിച്ച സുധാകരന്റെ നടപടിയിൽ മറ്റൊരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
