'പ്രതികരിക്കാനില്ല; ഞാനെന്നും ഇടതുപക്ഷത്തിനൊപ്പം': പിണറായിയുടെ വിമർശനത്തിൽ ഗീവർഗീസ് മാർ കൂറിലോസ്

  1. Home
  2. Trending

'പ്രതികരിക്കാനില്ല; ഞാനെന്നും ഇടതുപക്ഷത്തിനൊപ്പം': പിണറായിയുടെ വിമർശനത്തിൽ ഗീവർഗീസ് മാർ കൂറിലോസ്

geevarghese-mar-kourilos


സർക്കാരിനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. സിപിഎമ്മിനെ വിമർശിച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് മാർ കൂറിലോസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മാർ കൂറിലോസ്. 

വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ല. ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും മാർ കൂറിലോസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയിലാണ് മാർ കൂറിലോസ് സിപിഎമ്മിനെ വിമർശിച്ചത്. ഇതിനെതിരെ പിണറായി രം​ഗത്തെത്തുകയായിരുന്നു.

ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശിച്ചിരുന്നു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂർത്ത്, സഹകരണ ബാങ്ക് അഴിമതി, തെറ്റായ പൊലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് സിപിഎമ്മിന്റെ തോല്‍വിക്ക് കാരണമെന്നും മാർ കൂറിലോസ് പറഞ്ഞു.

ഭൂരിപക്ഷ മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇതിലും വലിയ തിരിച്ചടി ഉണ്ടാകും. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല. തിരുത്തുമെന്ന് പറയുന്നത് സ്വാഗതാർഹമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞിരുന്നു.