മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

  1. Home
  2. Trending

മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

asmiya mol


തിരുവനന്തപുരം ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചു. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും.

ബീമാപള്ളി സ്വദേശിനിയും ബാലരാമപുരത്തെ അല്‍ അമീന്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തൂങ്ങിമരണമെന്നും ശരീരത്തില്‍ മറ്റ് പരുക്കുകളില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.

എന്നാല്‍ മകളുടെ ആത്മഹത്യയ്ക്ക് കാരണം അസ്മിയ മോള്‍ താമസിച്ച് പഠിച്ചിരുന്ന മതപഠനകേന്ദ്രത്തിലെ മാനസിക പീഢനമാണോയെന്ന് അന്വേഷിക്കണമെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. മതപഠനകേന്ദ്രത്തിലെ ഉസ്താദും ഒരു അധ്യാപികയും മാനസികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇതിനേക്കുറിച്ച് അന്വേഷിക്കാനാണ് നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തില്‍ ബാലരാമപരും, കാഞ്ഞിരംകുളം ഇന്‍സ്പെക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ തന്നെ മതപഠനകേന്ദ്രത്തിലെ മൂന്ന് ജീവനക്കാരുടെയും അസ്മിയാ മോളുടൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തിരുന്നു. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ചില കാര്യങ്ങളില്‍ ശകാരിച്ചിട്ടുണ്ടെന്നുമാണ് ജീവനക്കാരുടെ മൊഴി. മതപഠനകേന്ദ്രത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അസ്മിയ പറഞ്ഞിരുന്നതായി കൂട്ടുകാരികളും മൊഴി നല്‍കിയിട്ടുണ്ട്. മൊഴികള്‍ വിലയിരുത്തിയ ശേഷമാവും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുക. അതേസമയം കേസില്‍ നിജസ്ഥിതി പുറത്തുവരണമെന്നും കുട്ടികള്‍ താമസിച്ച് പഠിക്കുന്ന കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു