വയറ്റില്‍ ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ചു; കരിപ്പൂരില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

  1. Home
  2. Trending

വയറ്റില്‍ ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ചു; കരിപ്പൂരില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

gold


കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖി (30) ല്‍ നിന്ന് 570 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ചയാണ് സംഭവം. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് കാപ്സ്യൂളുകളിലായി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഫീഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു.

ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ റഫീഖ് വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ ശരീരവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് റഫീഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ റഫീഖിന്റെ വയറിനകത്ത് സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.