മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം; ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനില്‍ക്കും, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

  1. Home
  2. Trending

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം; ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനില്‍ക്കും, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

sreeram venkittaraman


മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അപ്പീല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.

അടുത്തിടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ് ഒഴിവാക്കിയത്. കേസിന്റെ ഭാവിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അടക്കം വലിയ തോതിലുള്ള ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഒരു വാഹനാപകട കേസ് മാത്രമാക്കി മുന്നോട്ടു കൊണ്ടുപോയി വിചാരണം നടത്തണമെന്നതായിരുന്നു കീഴ്ക്കോടതിയുടെ ഉത്തരവ്. ഇതിലാണ് 304-ാം വകുപ്പിലെ രണ്ടു ഉപവകുപ്പുകള്‍ പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കൂടി ചേര്‍ത്ത് കൊണ്ട് വിചാരണ നടത്തണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

പരിശോധനയില്‍ തന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ കീഴ്ക്കോടതിയില്‍ വാദിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല. ഈ സാഹചര്യത്തില്‍ തനിക്കെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല എന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാദം. ഈ വാദങ്ങള്‍ അടങ്ങിയ ഹര്‍ജിയിലാണ് കീഴ്ക്കോടതി ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി വിധിച്ചത്. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നും മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.