ബീക്കണ്‍ ലൈറ്റുകൾ പാടില്ല; വാഹനത്തിനു മുന്നിൽ ഫ്ലാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സർക്കാർ വാഹനങ്ങൾ

  1. Home
  2. Trending

ബീക്കണ്‍ ലൈറ്റുകൾ പാടില്ല; വാഹനത്തിനു മുന്നിൽ ഫ്ലാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സർക്കാർ വാഹനങ്ങൾ

officials vehilce


വിഐപി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്കു മുകളിലെ ബീക്കണ്‍ ലൈറ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശത്തെ മറികടക്കാനായി മുന്നിലെ ഗ്രില്ലിൽ ഫ്ലാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സർക്കാർ വാഹനങ്ങൾ. ശക്തിയേറിയ ഈ ഫ്ലാഷ് ലൈറ്റുകൾ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത് വാഹനങ്ങളിൽ വെക്കുന്നത് മോട്ടർ വാഹന നിയമത്തിന്റെ ലംഘനമാണെന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്. 

2017 മെയിൽ ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാനുള്ള നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രി അടക്കമുള്ളവരുടെ കാറുകളിൽനിന്ന് ബീക്കൺ ലൈറ്റുകൾ മാറ്റിയിരുന്നു. ക്രമസമാധാന പരിപാലനത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും ഫയർഫോഴ്സിനും ആംബുലൻസുകൾക്കുമാണ് കേന്ദ്ര നിയമപ്രകാരം  ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇതുക്കൂടാതെ കേരള സ്റ്റേറ്റ് 1, 2 തുടങ്ങിയ നമ്പരുകൾക്കൊപ്പം മന്ത്രിമാരുടെ വാഹനങ്ങളിൽ റജിസ്ട്രേഷൻ നമ്പരും നിർബന്ധമാക്കിയിരുന്നു.

ഈയിടെയായി ബീക്കൺ ലൈറ്റുകൾക്ക് പകരം ഗ്രില്ലുകളിൽ ഫ്ലാഷ് ലൈറ്റുകൾ വയ്ക്കുന്ന രീതി കൂടിവരികയാണ്. മോട്ടർ വാഹന നിയമമനുസരിച്ച് വാഹനത്തിന്റെ മുൻവശത്ത് വെള്ള നിറത്തിലുള്ള ഹെഡ് ലൈറ്റും ഇൻഡിക്കേറ്റർ ലൈറ്റുകളും മാത്രമേ അനുവദിക്കൂ. എതിർദിശയിൽവരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന ലൈറ്റുകൾ പാടില്ല. 

എന്നാൽ എൽഇഡിയിൽ പ്രവർത്തിക്കുന്ന ഫ്ലാഷ് ലൈറ്റുകൾ സർക്കാർ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഓൺലൈനിലും കടകളിലും വാഹനങ്ങളിലെ ഫ്ലാഷ് ലൈറ്റുകൾ ലഭിക്കും. 4,500 രൂപ വിലയുള്ള സാധാരണ ലൈറ്റുകൾ മുതൽ 10,000 രൂപ വരെയുള്ള  ബ്രാൻഡുകളുടെ ലൈറ്റുകളും ലഭ്യമാണ്.