സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സർവകലാശാലയിൽ 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടി ‌റദ്ദാക്കി

  1. Home
  2. Trending

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സർവകലാശാലയിൽ 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടി ‌റദ്ദാക്കി

sidharth


പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ഇവരുടെ സസ്പെൻഷൻ പുനഃസ്ഥാപിച്ചുകൊണ്ട് ഡീൻ ഉത്തരവിട്ടു. ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ ആണ് നടപടി. വിദ്യാർഥികൾ നാളെ മുതല്‍ ഏഴു പ്രവൃത്തിദിനം വീണ്ടും സസ്‌പെന്‍ഷന്‍ നേരിടണം. ഇവരോട് ഹോസ്റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ധാർഥന്റെ മരണത്തെ തുടര്‍ന്ന് 33 വിദ്യാർഥികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 31 പേര്‍ ഒന്നാം വര്‍ഷ വിദ്യാർഥികളും രണ്ട് സീനിയര്‍ വിദ്യാർഥികളുമാണ്. ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് നിയമോപദേശം തേടാതെ വിസി പി.സി.ശശീന്ദ്രൻ സസ്‌പെന്‍ഷൻ പിന്‍വലിക്കുകയായിരുന്നു. 

എന്നാൽ, വിദ്യാര്‍ഥികളെ വിസി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിക്കുകയായിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ റിപ്പോര്‍ട്ടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഗവർണർ വിസിയോട് രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇന്നലെ ഉച്ചകഴിഞ്ഞ് വിസി ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. സിബിഐ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച കേസിൽ വിസി നടത്തിയ ഇടപെടൽ ഗവർണറെ പ്രകോപിപ്പിച്ചു എന്നാണ് വിവരം.