സിദ്ദിഖിന് ഇടക്കാല ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽ നിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. സിനിമയിൽ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62ാമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി.
365 സിനിമയിൽ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയിൽ വ്യക്തമാക്കി. അതുപോലെ തന്നെ പരാതി നൽകിയത് ഏറെ വൈകിയാണന്നും സിദ്ദിഖ് കോടതിയിൽ വാദിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് 6 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ് പി മെറിൻ ജോസഫ് ഇന്നലെ ദില്ലിയിലെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഡ്വ.ഐശ്യര്യ ഭാട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.