യു എ ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതി പുരോഗമിക്കുന്നു

യു എ ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിനായി ഭാരമേറിയ യന്ത്രസാമഗ്രികൾ ഇതിനകം വിന്യസിച്ചതായി ഹഫീത് റെയിൽ അധികൃതർ അറിയിച്ചു. 238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ, അബൂദബിയെയും സോഹാറിനെയും 100 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 15,000 ടൺ സാധനങ്ങൾ വഹിക്കും. അതായത് ഏകദേശം 270 കണ്ടെയ്നറുകൾ. പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ 400 യാത്രക്കാരെ ഉൾക്കൊള്ളും.
60 പാലങ്ങളും 2.5 കിലോമീറ്ററിലധികം നീളമുള്ള തുരങ്കങ്ങളും ഉൾപ്പെടുന്ന ഈ ശൃംഖല, ഇരു രാജ്യങ്ങളിലെ അഞ്ച് തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിക്കും. 2.5 ബില്യൺ ഡോളർ മുതൽമുടക്കുള്ള ഈ റെയിൽവേ ശൃംഖല, ഇരു രാജ്യങ്ങളിലെയും വ്യാപാര, ഗതാഗത, ലോജിസ്റ്റിക് മേഖലകൾക്ക് വൻ കുതിപ്പ് നൽകും.