ആറളത്തെ കാട്ടാന ആക്രമണം: ബിജെപിയും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി; ഇന്ന് കണ്ണൂരിൽ സർവകക്ഷിയോഗം ചേരുമെന്ന് മന്ത്രി

  1. Home
  2. Trending

ആറളത്തെ കാട്ടാന ആക്രമണം: ബിജെപിയും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി; ഇന്ന് കണ്ണൂരിൽ സർവകക്ഷിയോഗം ചേരുമെന്ന് മന്ത്രി

harthal


ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ വന്യമൃഗ ആക്രമണം തുടർക്കഥയാകുന്നതിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ബിജെപിയും യുഡിഎഫുമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളെ കഴിഞ്ഞദിവസം കാട്ടാന ചവിട്ടിക്കൊന്നതോടെയാണ് കടുത്ത പ്രതിഷേധത്തിന് പിന്നാലെ ഹർത്താൽ ആഹ്വാനമുണ്ടായത്. 1542 പ്ലോട്ടിൽ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരാണ് കൊല്ലപ്പെട്ടത്‌. ഇതുവരെ 20ഓളം പേരാണ് കാട്ടാനയാക്രമണത്തിൽ ഇവിടെ മരിച്ചത്.

കരിക്കൻമുക്ക് അങ്കണവാടി റോഡിനോട് ചേർന്ന വെള്ളിയുടെ ബന്ധുവിന്റെ പറമ്പിലാണ് സംഭവം. കശുവണ്ടി ശേഖരിച്ച് വിറകുകെട്ടുമായി മടങ്ങവേ, ആളൊഴിഞ്ഞ വീടിന്റെ പിന്നിൽ നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇരുവരും വീട്ടിലെത്താത്തതിനെ തുടർന്ന് മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞ് എത്തി മൃതദേഹം മാറ്റാനൊരുങ്ങിയെങ്കിലും ജനം തടഞ്ഞു.

തുടർന്ന് സബ് കളക്‌ടറടക്കം സ്ഥലത്തെത്തിയെങ്കിലും പ്രദേശവാസികൾ അനുവദിച്ചില്ല. പിന്നീട് സണ്ണി ജോസഫ് എംഎൽഎ വനംമന്ത്രിയുമായി സംസാരിച്ച് മതിയായ മുൻകരുതലെടുക്കാം എന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് ഇവരുമായി സംസാരിച്ചാണ് രാത്രി വൈകി മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കണ്ണൂരിൽ വൈകിട്ട് 3 ന് സർവകക്ഷിയോഗം ചേരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.