ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കും
ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് സ്ഥാനാർഥികളായിട്ടായിരിക്കും ഇരുവരും ജനവിധി തേടുക. പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി ഇരുവരും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ജുലാന സീറ്റിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ബജ്റംഗ് പുനിയ ബാഡ്ലി സീറ്റിൽനിന്ന് ജനവിധി തേടിയേക്കും.
വിനേഷ് ഫോഗട്ട് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒളിമ്പിക്‌സിന് ശേഷം പാരീസില്‍നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ താരത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നൽകിയത്.