സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  1. Home
  2. Trending

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

KERALA HC


സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറാണ് കോടതി സ്റ്റേ ചെയ്തത്. ഈ മാസം ഒന്ന് മുതൽ നിർബന്ധമാക്കിയ നിർദേശത്തിനാണ് സ്റ്റേ. സ്വകാര്യ ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കേന്ദ്ര നിയമത്തിന് വിരുദ്ധമായാണ് സർക്കുലർ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സ്റ്റേ അനുവദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സംസ്ഥാനത്തിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു കോടതി വിലയിരുത്തൽ.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ചചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചുചേർത്ത യോഗത്തിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസ്സുകളിലും ഫെബ്രുവരി 28-ന് മുൻപ് ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം പല ഘട്ടങ്ങളിൽ മാറ്റിയതിന് ശേഷമാണ് നവംബർ ഒന്ന് മുതൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.
ബസിൽനിന്ന് റോഡിന്റെ മുൻവശവും അകവും കാണാവുന്ന തരത്തിൽ രണ്ടു ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.