ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; സംവിധായകൻ രഞ്ജിത്തിനെ വിട്ടുകിട്ടാൻ വീണ്ടും കസ്റ്റഡി അപേക്ഷ നൽകി അന്വേഷണസംഘം

  1. Home
  2. Trending

ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; സംവിധായകൻ രഞ്ജിത്തിനെ വിട്ടുകിട്ടാൻ വീണ്ടും കസ്റ്റഡി അപേക്ഷ നൽകി അന്വേഷണസംഘം

ranjith


യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം (SIT). നേരത്തെ ലഭിച്ച കസ്റ്റഡി കാലയളവിൽ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് ഒട്ടും സഹകരിച്ചില്ലെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് എസ്‌ഐടി കോടതിയെ അറിയിക്കുന്നത്. നിലവിലെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ രഞ്ജിത്തിനെ നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പോലീസിന്റെ പുതിയ കസ്റ്റഡി അപേക്ഷയും കോടതി നാളെത്തന്നെ പരിഗണിക്കും.

കഴിഞ്ഞ ജനുവരി 30-ന് ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസിന്റെ ഭാഗമായി കാരവാൻ ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിലും കാരവാനിലും രഞ്ജിത്തിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്ത് ആവർത്തിക്കുന്നത്. അതേസമയം, പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

വാഹനം എത്തിച്ചു നൽകുക മാത്രമാണ് ചെയ്തതെന്നും അതിക്രമത്തെക്കുറിച്ച് അറിവില്ലെന്നുമാണ് കാരവാൻ ഡ്രൈവറുടെ മൊഴി. തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെയാണ് കോടതി നേരത്തെ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഓരോ 24 മണിക്കൂർ കൂടുമ്പോഴും പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതിയുടെ കർശന നിർദ്ദേശമുണ്ട്.