'ഹീറ്റ് റാഷ്': ബാധിക്കുന്നത് കൂടുതലും കുട്ടികളെ; അതീവ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

  1. Home
  2. Trending

'ഹീറ്റ് റാഷ്': ബാധിക്കുന്നത് കൂടുതലും കുട്ടികളെ; അതീവ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

veena


സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിതമായ കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകൾ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകാം.

അതിനാൽ ഈ ലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

പ്രതിരോധ മാർഗങ്ങൾ

 വേനൽകാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

 വെയിലത്ത് നടക്കേണ്ട അവസരങ്ങളിൽ കുട ഉപയോഗിക്കുക.

 വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

 അതികഠിനമായ വെയിലുള്ള സമയങ്ങളിൽ കുട്ടികളെ കളിക്കാൻ അനുവദിക്കാതിരിക്കുക.

 കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും, ജനലുകളും തുറന്നിടുക.

 കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

 വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

 കഫീൻ അടങ്ങിയ പാനീയങ്ങൾ, ഗ്യാസ് (carbonated) അടങ്ങിയ പാനിയങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

 ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.

 സൂര്യാഘാതമേറ്റുള്ള പ്രശ്നങ്ങളുണ്ടായാൽ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.

 ധാരാളം പാനീയങ്ങൾ കുടിക്കുക.

 ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യാൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തുക.