ടെഹ്‌റാനിൽ അർധരാത്രിയിൽ കനത്ത വ്യോമാക്രമണം; ബയ്‌റൂത്തിലും ഇസ്രായേൽ ബോംബിങ് തുടരുന്നു
പശ്ചിമേഷ്യയിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ ആറാം ദിവസവും അതിശക്തമായി തുടരുന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ കനത്ത സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ തോതിലുള്ള വ്യോമാക്രമണം ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്‌റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിലെ 150-ലധികം നഗരങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
അമേരിക്കൻ-ഇസ്രായേൽ നീക്കങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിലെ സംഘർഷം നിയന്ത്രണാതീതമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക മുക്കിയതിന് പിന്നാലെ ഇരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ കടുത്തിരിക്കുകയാണ്.
അതേസമയം, ലെബനനിലെ ബയ്‌റൂത്തിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ബയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഗോബെയ്രി, ഹാരെത് ഹ്രീക്ക്, ബിർ അൽ-അബേദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ബോംബിങ് നടന്നത്. ഹിസ്ബുള്ളയുടെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നബാത്തിയ മേഖലയിലും ഇസ്രായേൽ ആക്രമണം തുടർന്നു. തിങ്കളാഴ്ച മുതൽ ലെബനനിലുടനീളം ഉണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസുകൾക്കും പരീക്ഷകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
