ശക്തമായ മഴ; തമിഴ്‌നാട്ടില്‍ രണ്ട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

  1. Home
  2. Trending

ശക്തമായ മഴ; തമിഴ്‌നാട്ടില്‍ രണ്ട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

heavy rain


കാലവര്‍ഷം ശക്തമായതോടെ തമിഴ്‌നാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ. പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. തിരുവാരൂരിലെയും കാരയ്ക്കലിലെയും സ്‌കൂളുകള്‍ക്കാണ് അവധി.

നീലഗിരി മൗണ്ടൈന്‍ റെയില്‍വേയുടെ കല്ലാര്‍, കുനൂര്‍ സെക്ഷനുകളില്‍ മണ്ണിടിച്ചിലുണ്ടാവുകയും മരം കടപുഴകിവീഴുകയും ചെയ്തതിനാല്‍ നവംബര്‍ 16 വരെ രണ്ടു സര്‍വീസുകള്‍ റെയില്‍വെ റദ്ദാക്കി. മേട്ടുപ്പാളയത്തുനിന്ന് ഉദഗമണ്ഡലം വരെയും തിരിച്ചും ഓടുന്ന 06136, 06137 എന്നീ പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ നവംബര്‍ 10 മുതല്‍ നവംബര്‍ 16 വരെ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് വ്യാഴാഴ്ച മധുര, കോയമ്പത്തൂര്‍, തൂത്തുക്കുടി തുടങ്ങി വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗര്‍, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഐഎംഡി പ്രവചിച്ചതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.