മുംബൈയിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുംബൈ നഗരത്തിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലായി. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതവും ദുസ്സഹമായി. വ്യാഴാഴ്ച പുലർച്ചെവരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. പുണെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ പുണെ നഗരത്തിലെയും പിംപ്രി ചിഞ്ച്വാഡിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു.