ഒമാനിൽ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
ഒമാനിൽ മാർച്ച് 31 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 2 വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്ററാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ ന്യൂനമർദ്ദം സുൽത്താനേറ്റിനെ ബാധിക്കുമെന്നും ഇതിന്റെ ഫലമായി വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതീക്ഷിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ:
ചൊവ്വാഴ്ച മുസന്ദം, ബുറൈമി, ദാഹിറ, നോർത്ത് ബാത്തിന, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു. എന്നാൽ ബുധനാഴ്ച മുതൽ വ്യാഴാഴ്ച രാവിലെ വരെ മഴയുടെ തീവ്രത വർദ്ധിക്കും. മസ്‌കറ്റ്, ദാഖിലിയ, സൗത്ത് ബാത്തിന, നോർത്ത്-സൗത്ത് ഷർഖിയകൾ തുടങ്ങിയ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കും. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 27 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തിരമാലകൾ 23 മീറ്റർ വരെ ഉയർന്നേക്കാം. ഇടിമിന്നലുള്ള സമയത്ത് കടലിൽ ഇറങ്ങുന്നതും മറ്റ് വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് സിഎഎ കർശന നിർദ്ദേശം നൽകി. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. യാത്രയ്ക്ക് മുൻപായി ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകൾ പരിശോധിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താമസക്കാരോട് ആവശ്യപ്പെട്ടു.
