സൗദിയിൽ ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത മഴയ്ക്കും ചൂടിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

  1. Home
  2. Trending

സൗദിയിൽ ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത മഴയ്ക്കും ചൂടിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

saudi


സൗദി അറേബ്യയിൽ വരും മാസങ്ങളിൽ മഴയും താപനിലയും സാധാരണയേക്കാൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം ഏപ്രിൽ മാസത്തിൽ പലയിടങ്ങളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.

തബൂക്കിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങൾ, മദീന, മക്ക, അസീർ, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, വടക്കൻ അതിർത്തികൾ, റിയാദ്, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, അൽ ബാഹ, ജിസാൻ, തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഏപ്രിലിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ജിസാൻ, അസീർ മേഖലകളിൽ അസാധാരണമായ തോതിൽ അതിശക്തമായ മഴ പെയ്തേക്കാം. മേയ് മാസത്തിലും അസീർ, ജിസാൻ, അൽ ബാഹ, മക്കയുടെ ചില ഭാഗങ്ങൾ, റിയാദ് എന്നിവിടങ്ങളിൽ മഴ തുടരും. ജൂൺ മാസത്തോടെ മഴയുടെ തീവ്രത കുറയാനാണ് സാധ്യത.

മഴയ്‌ക്കൊപ്പം തന്നെ രാജ്യത്തെ മിക്കയിടങ്ങളിലും താപനില സാധാരണയേക്കാൾ ഉയരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, വടക്കൻ അതിർത്തി മേഖലകൾ, അൽ ജൗഫ്, വടക്കൻ മദീന, ഹാഇൽ, തബൂക്ക് എന്നിവിടങ്ങളിൽ താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവ് രേഖപ്പെടുത്തിയേക്കാം.

കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വരും മാസങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. കനത്ത മഴ വെള്ളക്കെട്ടുകൾക്കും യാത്രാ തടസ്സങ്ങൾക്കും കാരണമായേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു.