സംസ്ഥാനത്ത് കനത്ത വേനൽമഴ; ഇടിമിന്നലേറ്റ് മലപ്പുറത്ത് ഒരാൾ മരിച്ചു, വ്യാപക നാശനഷ്ടം

  1. Home
  2. Trending

സംസ്ഥാനത്ത് കനത്ത വേനൽമഴ; ഇടിമിന്നലേറ്റ് മലപ്പുറത്ത് ഒരാൾ മരിച്ചു, വ്യാപക നാശനഷ്ടം

rain


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത വേനൽമഴ. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീുമുറ്റത്ത് നിൽക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായപ്പോൾ തെക്കൻ കേരളത്തിൽ താരതമ്യേന കുറഞ്ഞ അളവിലാണ് മഴ രേഖപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൊയിലാണ്ടിയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കവിലുംപാറയിൽ പവിത്രൻ എന്ന കർഷകന്റെ ആയിരത്തോളം ഏത്തവാഴകൾ കാറ്റിൽ നശിച്ചു. കണ്ണൂരിലും സമാനമായ രീതിയിൽ ശക്തമായ മഴയും കാറ്റുമുണ്ടായി. മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും വീടുകളുടെ മേൽക്കൂര തകരുകയും ചെയ്തിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

English Slug: Heavy summer rains lash Kerala; one dead in Malappuram due to lightning strike.