ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അനിശ്ചിതത്വം; സർക്കാർ തീരുമാനം ഇന്ന്

  1. Home
  2. Trending

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അനിശ്ചിതത്വം; സർക്കാർ തീരുമാനം ഇന്ന്

hema committy


നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും അനിശ്ചിതത്വം. റിപ്പോർട്ട് പുറത്തുവിടുമോ ഇല്ലയോ എന്നത് ഇന്ന് രാവിലെയോടെ അറിയാം. രഞ്ജിനിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാനാരിക്കെ സാംസ്കാരിക വകുപ്പ് ഇക്കാര്യത്തിൽ പുനരാലോചന നടത്തിയേക്കുമെന്നാണ് വിവരം. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ പത്തൊമ്പതാം തീയതി വരെ സർക്കാരിന് സമയമുണ്ട്. അതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. 

റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപു മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വകാര്യതയെ ബാധിക്കുന്നതും, ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് സർ‌ക്കാർ നീക്കം നടത്തിയിരുന്നത്.