ഒമാനിൽ അതീവ ജാഗ്രത; ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത
ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി. ബുറൈമി, ദാഹിറ, ദാഖിലിയ, നോർത്ത് ആന്റ് സൗത്ത് ഷർഖിയ, മസ്‌കത്ത്, അൽ വുസ്ത, മുസന്ദം, നോർത്ത് ആന്റ് സൗത്ത് ബത്തിന എന്നീ ഗവർണറേറ്റുകളിലാണ് മഴ പ്രധാനമായും ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പലയിടങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ശക്തമായ ഇടിമിന്നലിനൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിശക്തമായ കാറ്റും മഴയും കാരണം റോഡുകളിൽ കാഴ്ചപരിധി (Visibility) ഗണ്യമായി കുറയാൻ ഇടയാക്കും. ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്ക് (നദികൾ) അടുത്തും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് (Flash Flood) സാധ്യതയുള്ളതിനാൽ വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ മാത്രം പിന്തുടരാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
