പോപ്പുലര്‍ ഫ്രണ്ട് ജപ്തി; വസ്തുവകകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

  1. Home
  2. Trending

പോപ്പുലര്‍ ഫ്രണ്ട് ജപ്തി; വസ്തുവകകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

high court


പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സ്വത്ത് കണ്ട് കെട്ടിയവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാധും കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ പി.എഫ്.ഐയുമായി ബന്ധമില്ലാഞ്ഞിട്ടും അന്യായമായി വസ്തുവകകള്‍ ജപ്തി ചെയ്തെന്നാരോപിച്ച് മലപ്പുറം സ്വദേശി കക്ഷി ചേരല്‍ അപേക്ഷ നല്‍കി.

മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വസ്തു വകകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്. ജപ്തി നടപടികള്‍ നേരിട്ടവര്‍ക്ക് നിരോധിത സംഘടനയായ പിഎഫ്.ഐ യുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശമുണ്ട്.

അതിനിടെ തന്റെ സ്വത്ത് വകകള്‍ അന്യായമായി ജപ്തി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടി.പി യൂസഫ് കക്ഷി ചേരല്‍ അപേക്ഷ നല്‍കി.പി.എഫ്.ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ല.പി.എഫ്.ഐ ആശയങ്ങള്‍ എതിര്‍ക്കുന്ന ആളാണ് താന്‍ .പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ തന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നും അപേക്ഷയില്‍ പറയുന്നു'. കക്ഷി ചേരല്‍ അപേക്ഷയടക്കം ഹൈക്കേടതി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെമ്പാടുമായി 248 പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ആണ് ഹര്‍ത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്.