ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീർപ്പിനില്ലെന്ന് യുവതി, വിചാരണ തുടരാം; ഹർജി ഹൈക്കോടതി തള്ളി

  1. Home
  2. Trending

ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീർപ്പിനില്ലെന്ന് യുവതി, വിചാരണ തുടരാം; ഹർജി ഹൈക്കോടതി തള്ളി

unni


സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസില്‍ ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിനെതിരേ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി തള്ളി. വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചു. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറയുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയിരുന്നു. എന്നാൽ രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയിൽ ഹാജരാവുകയും 2021 ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയിൽ വ്യക്തമാക്കുന്നത്. കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.

തുടർന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിയിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു.