നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി; താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കും

22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ഇനിയും തുടരാൻ അനുവദിക്കില്ല. സംസ്ഥാനത്ത് നൂറു കണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ഹൃദയത്തിൽനിന്ന് രക്തം പൊടിയുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്നും കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അഞ്ച് മിനിറ്റിനകം ഇക്കാര്യം അറിയിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഒരു ഹർജി കേട്ട ശേഷം കോടതി ഇതേ വിഷയം വീണ്ടും പരിഗണിച്ചു.
അപകടത്തിൽ 22 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഒട്ടേറെ കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു അപകടത്തിനു നേരെ കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് തികച്ചും ഞെട്ടിക്കുന്ന അപകടമാണ്. എന്നാൽ, ഇത്തരമൊരു അപകടം കേരളത്തിൽ നടക്കുന്നത് ഇതാദ്യമല്ല. സമാനമായ നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. എല്ലാത്തവണയും അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല. ഈ സംഭവത്തിന്റെ മൂലകാരണം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.