ആക്‌സിയം 4 സംഘം ഐഎസ്എസിൽ പ്രവേശിച്ചു; ശുഭാംശു ശുക്ല നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തി. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങൾ 'ഗ്രേസ്' ക്രൂ ഡ്രാഗൺ പേടകത്തിൽ നിന്ന് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും വിജയകരമായി പൂർത്തിയാക്കി നിലയത്തിൽ പ്രവേശിച്ചതോടെയാണിത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാർമണി മൊഡ്യൂളിൽ ഡോക്ക് ചെയ്തത്. ഇനിയുള്ള 14 ദിവസം ആക്‌സിയം ദൗത്യാംഗങ്ങൾക്ക് ഐഎസ്എസിൽ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്.
ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേർ ആക്സിയം 4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്‌സിൻറെ 'ഗ്രേസ്' ക്രൂ ഡ്രാഗൺ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങൾ. പെഗ്ഗിയായിരുന്നു ദൗത്യ കമാൻഡർ. മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു.