കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

  1. Home
  2. Trending

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

kalpathi ratholsavam


കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമായി. മൂന്നു നാള്‍ കല്‍പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. തേര് വലിക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും എത്തിയിരുന്നു.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടര്‍ന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി. ആര്‍പ്പുവിളികളോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരാണ് തേരുവലിച്ചത്.

നാളെ രണ്ടാം തേരുത്സവത്തില്‍ മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് പ്രദക്ഷിണം തുടങ്ങുക. 15നു രാവിലെയാണു പഴയ കാത്തിയിലും ചാത്തപുരത്തും രഥാരോഹണം. അന്നു ത്രിസന്ധ്യയില്‍ തേരുമുട്ടിയിലാണു ദേവരഥ സംഗമം. തെരഞ്ഞെടുപ്പ് നീട്ടിയതിനാല്‍ കല്‍പ്പാത്തി രഥോത്സവം കളറാക്കുകയാണ് പാലക്കാട്ടുകാര്‍.

നവംബർ ഏഴിനായിരുന്നു കൽപ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തിൽ വൈകീട്ടാണ് ദേവരഥസം​ഗമം. നവംബർ 16ന് രാവിലെ കൊടിയിറങ്ങും.

പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ഭാതരപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ശിവപാർവ്വതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമീപത്തുള്ള ക്ഷേത്രങ്ങളുമായി ചേർന്നാണ് ഇത് നടത്തുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നത്.