'സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട ദിവസം'; എരഞ്ഞിപ്പാലത്ത് രണ്ടുമുറികൾ എടുത്തു, നിർണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡും

  1. Home
  2. Trending

'സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട ദിവസം'; എരഞ്ഞിപ്പാലത്ത് രണ്ടുമുറികൾ എടുത്തു, നിർണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡും

hotel


തിരൂർ സ്വദേശിയായ ഹോട്ടൽ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരൻ. ഹോട്ടലിൽ നിന്ന് പണം നഷ്ടമായതിനെ തുടർന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ മറ്റ് തൊഴിലാളികൾ പരാതിപ്പെടുകയും ചെയ്തിരുന്നു. ശന്വളം നൽകിയാണ് ഷിബിലിയെ പിരിച്ചുവിട്ടതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

മെയ് 18നാണ് സിദ്ദിഖിനെ കാണാതായത്. 22നാണ് അച്ഛനെ കാണാനില്ലെന്ന് കാട്ടി മകൻ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്.സിദ്ദിഖിന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡുമാണ് നിർണായകമായത്. സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടു മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഇവിടെ വച്ച് സിദ്ദിഖിനെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ചെന്ന് പ്രതികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായകമായത്. മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയിൽ വ്യക്തമാണ്. എന്നാൽ തിരിച്ച് പോകുമ്പോൾ പ്രതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയിൽ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ എന്തിനാണ് ഇവർ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. 

ഇതിന് പുറമേ സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡ് നഷ്ടമായിരുന്നു. ഇത് ഉപയോഗിച്ച പ്രതികൾ പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയതും കേസിൽ നിർണായകമായി. അതിനിടെ അട്ടപ്പാടി ഒമ്പതാം വളവിൽ നിന്ന് രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. ഒരെണ്ണം പാറക്കൂട്ടത്തിൽ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മുകളിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകൾ.