പ്രാകൃത ചിന്താഗതിക്കാരാണ് സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന മന്ത്രി ആർ. ബിന്ദുവിൻറെ പരാമർശത്തിനെതിരെ ഹുസൈൻ മടവൂർ

  1. Home
  2. Trending

പ്രാകൃത ചിന്താഗതിക്കാരാണ് സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന മന്ത്രി ആർ. ബിന്ദുവിൻറെ പരാമർശത്തിനെതിരെ ഹുസൈൻ മടവൂർ

hussain madavoor


പ്രാകൃത ചിന്താഗതിക്കാരാണ് സ്കൂളുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന മന്ത്രി ആർ. ബിന്ദുവിൻറെ പരാമർശത്തിനെതിരെ കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ. 19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹുസൈൻ മടവൂർ പറഞ്ഞു. സ്കൂളുകളിൽ സൂംബ പരിശീലനം വേണമെന്ന നിർദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

19-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുകയാണോ എന്ന് മന്ത്രി ചോദിക്കുന്നു. എന്നാൽ അതിനും കുറേക്കാലം പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നു. പിന്നീട് പരിഷ്കരിച്ചാണ് കുടുംബവും വസ്ത്രധാരണവും ആൺ-പെൺ നിയമങ്ങളുമെല്ലാം ഉണ്ടായത്. അൽപവസ്ത്രം ധരിച്ച് അവതരിപ്പിക്കുന്ന നൃത്തമായാണ് സൂംബ വിഡിയോകളെല്ലാം കണ്ടിട്ടുള്ളത്. അത്തരത്തിൽ സ്കൂളുകളിൽ കൗമാര പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടകലർന്ന് ആടുകയും ചാടുകയും കളിക്കുകയും ചെയ്യുമ്പോൾ അതവരുടെ മാനസികാവസ്ഥയെ മോശപ്പെടുത്തുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

സ്കൂൾ യൂനിഫോമിലായാലും അവരുടെ ശരീര ഭാഗങ്ങൾ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഡ്രിൽ മിക്സ്ഡായി ചെയ്തുകൂടാ. അത് ബുദ്ധിമുട്ടുണ്ടാക്കും. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ, പഠനങ്ങൾ നടത്താതെ പ്രായോഗികതയോ സാംസ്കാരിക നിലവാരമോ നോക്കാതെയാണ് ഇതൊക്കെ പറയുന്നത്. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ നിലപാട് മാറ്റേണ്ടിവരുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. മാത്രമല്ല സ്കൂൾ പാഠ്യപദ്ധതിയിൽ സൂംബ ഉൾപ്പെടുത്താനുള്ള ആലോചന സർക്കാർ ഉപേക്ഷിക്കേണ്ടിവരുമെന്നും ഇല്ലെങ്കിൽ അതിനോട് എതിർപ്പുള്ളവർ സ്കൂൾ മാറുന്ന കാര്യം ആലോചിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.