'കളറാവട്ടെ ഇഷ്ടാ..' 'സ്കൂള്‍ കലോത്സവ കിരീടം ഇങ്ങെടുത്തു' , ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തൃശൂര്‍ കളക്ടർ
സ്കൂള്‍ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേട്ടത്തിൽ തൃശ്ശൂരിലെ വിദ്യാർത്ഥികൾക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണമാണ് ഇന്ന് ഒരുക്കിയത്. തൃശൂര്‍ ജില്ല അതിർത്തിയായ കൊരട്ടിയിൽ തുടങ്ങി, സ്വീകരണ സമ്മേളനത്തിനായി സ്വർണ്ണക്കപ്പ് തൃശൂർ ടൗൺഹാളിൽ ഘോഷയാത്രയായിട്ടാണ് എത്തിച്ചത്. റവന്യു മന്ത്രി കെ.രാജൻ, ചേലക്കര എംഎൽഎ യു ആർ പ്രദീപ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു.