കോൺഗ്രസ് വാതിൽ ചാരി, അടച്ചു എന്നൊക്കെ വാർത്തകളിൽ കണ്ടു; ഞാൻ പോയിട്ടില്ല, മുട്ടിട്ടുമില്ല: പി വി അൻവർ
ജനകീയ യാത്ര പുതിയ രാഷ്ട്രീയ മാറ്റത്തിനുള്ള തുടക്കമെന്ന് പി വി അൻവർ എംഎല്‍എ. ഡൽഹിയിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൻ്റെ വാതിൽ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. വാതിൽ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാർത്തകളും വന്നു. കോൺഗ്രസിലേക്കുള്ള വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല, വാതിലിൽ പോയി മുട്ടിയിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു.
'കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. കേരള ഹൗസിലാണ് താമസിച്ചിരുന്നത്. അവിടെ തന്നെയാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കൾ ഉണ്ടാകുന്നത്. ധാർമിക പിന്തുണയാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസിൻ്റെ വാതിൽ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. വാതിൽ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാർത്തകളും വന്നു.
ഞാൻ ആ വാതിലിൽ പോയി മുട്ടിയിട്ടില്ല, ആ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. യുഡിഎഫിന്‍റെ വാതിലുകൾ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെയാണ് ഇപ്പോഴുമുള്ളത്. സമരത്തിൽ എനിക്കല്ല പിന്തുണ, വിഷയത്തിനാണ് നേതാക്കളുടെ പിന്തുണ,' പി വി അൻവർ പറഞ്ഞു