'പോകും, എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും'; തെലങ്കാന മുഖ്യമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിന്റെ വികസന മാതൃകകളെ പരിഹസിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അക്കമിട്ട് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. "പോകും, മുന്നോട്ടുതന്നെ പോകും. നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടുതന്നെ പോകും" എന്ന ശക്തമായ പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി തന്റെ മറുപടി കത്ത് അവസാനിപ്പിക്കുന്നത്. രേവന്ത് റെഡ്ഡി അയച്ച കത്തിലെ "നീ പോ മോനെ വിജയാ" എന്ന സിനിമാറ്റിക്കായ പരിഹാസത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ രാഷ്ട്രീയ വ്യത്യാസങ്ങൾ തീർക്കുന്ന നിലപാടിനോടുള്ള കടുത്ത വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് നാല് പേജുള്ള മറുപടി കത്ത് ആരംഭിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങൾ മുൻകാല കോൺഗ്രസ് സർക്കാരുകളുടേതാണെന്ന രേവന്ത് റെഡ്ഡിയുടെ വാദത്തെ കത്തിൽ തള്ളിക്കളഞ്ഞു. 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണമാണ് കേരളത്തിന്റെ അടിത്തറയെന്നും ആ സർക്കാരിനെ അന്യായമായി പിരിച്ചുവിട്ടത് കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ കരുത്ത് തെളിയിക്കുന്ന സൂചികകൾ:
- നിതി ആയോഗ് ഒന്നാം സ്ഥാനം: സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (SDG Index 2023-24) 79 പോയിന്റോടെ കേരളം രാജ്യത്ത് ഒന്നാമതാണ്. തെലങ്കാന ആറാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
- അഴിമതി കുറഞ്ഞ സംസ്ഥാനം: ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമായി നിതി ആയോഗ് തെരഞ്ഞെടുത്തത് കേരളത്തെയാണ്.
- ആർദ്രം & വിദ്യാഭ്യാസ മിഷൻ: 670 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതും 13,000 സ്കൂളുകളെ ഹൈടെക് ആക്കിയതും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളാണ്.
- അതിദരിദ്രരില്ലാത്ത കേരളം: 2025 നവംബറിൽ ഇന്ത്യയിൽ അതിദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത ആദ്യ സംസ്ഥാനമായി കേരളം മാറി.
കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ നടത്തുന്ന നിയമപോരാട്ടങ്ങളെക്കുറിച്ചും വിഴിഞ്ഞം പോർട്ട്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പുതിയ പദ്ധതികളെക്കുറിച്ചും കത്തിൽ വിശദമാക്കുന്നുണ്ട്. അർത്ഥശൂന്യമായ പരിഹാസങ്ങളല്ല, വസ്തുതാപരമായ വികസന ചർച്ചകളാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
Dear Shri @revanth_anumula , political differences are natural, but expressing strong disagreement through personally insulting remarks is an attitude I reject. The LDF Government’s accountability to its people is continuous, not just at five year intervals. Our Progress Reports… pic.twitter.com/HH07hJSAFe
— Pinarayi Vijayan (@pinarayivijayan) April 7, 2026
