ചില്ലറ വോട്ടിനായി 'രാഷ്ട്രീയ ചെറ്റത്തരം' കാട്ടില്ല; വി.ഡി സതീശന്റേത് ശുദ്ധ അസംബന്ധമെന്ന് മുഖ്യമന്ത്രി
വോട്ടിനും സീറ്റിനും വേണ്ടി സി.പി.ഐ.എം ഒരിക്കലും രാഷ്ട്രീയമായ വിട്ടുവീഴ്ചകൾക്കോ 'ചെറ്റത്തരങ്ങൾക്കോ' മുതിരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകരയിലും ബേപ്പൂരിലും പണ്ട് യു.ഡി.എഫും ബി.ജെ.പിയും ചേർന്നുള്ള കോലീബി സഖ്യമുണ്ടാക്കിയ ചരിത്രം ജനങ്ങൾ മറന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വർഗീയ ശക്തികളുമായി കൈകോർത്തവർ ഇപ്പോൾ തങ്ങൾക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
1977-ൽ ആർ.എസ്.എസ് പിന്തുണയോടെയാണ് താൻ വിജയിച്ചതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ആർ.എസ്.എസ് ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം താനായിരുന്നുവെന്ന് കണ്ണൂരിലെ ജനങ്ങൾക്കറിയാം. പഴയ ചില കാര്യങ്ങൾ മറച്ചുവെച്ച് എന്തും പ്രചരിപ്പിക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ ആർ.എസ്.എസുമായി കൂട്ടുചേർന്ന് ഇ.എം.എസിനെയും എ.കെ.ജിയെയും തോൽപ്പിക്കാൻ ശ്രമിച്ചത് കോൺഗ്രസാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്ന ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തെ മതവിദ്വേഷത്തിന്റെ ഇടമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ഇത്തരം പ്രസ്താവനകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. മതനിരപേക്ഷതയുടെ വിളനിലമായ കേരളത്തിൽ ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവർക്കും സോദരന്മാരായി ജീവിക്കാനുള്ള സാഹചര്യം ഇടതുപക്ഷം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
