തെറ്റ് തിരുത്തി ഐ.ഇ.പി; ആഗോള ഭീകര പട്ടികയില്‍ നിന്നും സി.പി.ഐയെ ഒഴിവാക്കി

  1. Home
  2. Trending

തെറ്റ് തിരുത്തി ഐ.ഇ.പി; ആഗോള ഭീകര പട്ടികയില്‍ നിന്നും സി.പി.ഐയെ ഒഴിവാക്കി

cpi


പ്രതിഷേധത്തെ തുടർന്ന് ആഗോള ഭീകര പട്ടികയില്‍ നിന്നും സി.പി.ഐയെ ഒഴിവാക്കി.  ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തിവിട്ട ആഗോള ഭീകര പട്ടികയിലാണ് പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെയും ഉൾപ്പെടുത്തിയത്. സി.പി.ഐ മാവോയിസ്റ്റിന് പകരം സി.പി.ഐ എന്ന് മാറി പോയതാണ് പ്രശ്‌നത്തിന് വഴിവെച്ചത്.  

പട്ടികയിൽ സിപിഐക്ക് താഴെയാണ് അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം. ഈ വർഷത്തെ പട്ടിക കണ്ട് സിപിഐക്കാർ ഞെട്ടിയപ്പോൾ, പാർട്ടിയുടെ രാഷ്ട്രീയ എതിരാളികൾ ഇത് മുതലെടുക്കുയും ചെയ്തു. തുടർന്ന് തെറ്റായ റിപ്പോർട്ട് ഉടനെ പിൻവലിച്ചില്ലെങ്കിൽ നിയമപരവും രാഷ്ട്രീയവുമായി നേരിടുമെന്ന് വ്യക്തമാക്കി സിപിഐ നേതാക്കൾ ഐ.ഇ.പിയ്ക്ക് പരാതി നൽകി. ഇതിനു ശേഷമാണ് ഐഇപി തെറ്റ് തിരുത്തിയത്. സി.പി.ഐ എന്ന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന് മാറ്റി എഴുതി.

സത്യത്തെ മാനിക്കുന്നവർ ഇവരുടെ ഗവേഷണ പാടവം കണ്ട് ചിരിക്കുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എം.പിയും പ്രതികരിച്ചു. 2022-ല്‍ മാത്രം 61 ആക്രമണങ്ങളിലൂടെ 39 പേരെ സിപിഐ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റാണ് ആഗോള ഭീകര പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 410 ആക്രമണങ്ങളിലൂടെ 1045 കൊലപാതകങ്ങളാണ് കഴിഞ്ഞ വർഷം ഐ.എസ് നടത്തിയത്.  ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാമതും പാക്കിസ്ഥാന്‍ ആറാമതും ഇന്ത്യ പതിമൂന്നാമതും അമേരിക്ക മുപ്പതാം സ്ഥാനത്തുമാണ്.