'ഞാൻ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴും'; മുന്നറിയിപ്പുമായി പി വി അന്‍വര്‍
നിലമ്പൂരില്‍ വിശദീകരണ യോഗം ചേരാനിരിക്കെ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പി വി അന്‍വര്‍ എംഎല്‍എ. താന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. എവിടെ വരെ പോകുമെന്ന് അറിയണം. താന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വിശദീകരണ യോഗത്തിന് ഒഴുകിയെത്തുമെന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. വ്യക്തികളെയാണ് വെല്ലുവിളിച്ചത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടിക്ക് അന്‍പത് കസേരയിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. അതിലും കൂടുതല്‍ ആളുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞത്. ആരാണ് മലര്‍ന്നുകിടന്ന് തുപ്പുന്നതെന്ന് ജനം തീരുമാനിക്കും. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. കുറഞ്ഞത് 11 യോഗങ്ങളെങ്കിലും നടത്തും. നാളെ കോഴിക്കോടായിരിക്കും യോഗം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ യോഗം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്‍വര്‍ പറഞ്ഞു.