സജി ചെറിയാന്‍ മന്ത്രിയായി തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും, രാജിവെക്കണം: വി ഡി സതീശന്‍
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തേക്കാള്‍ ഗുരുതരമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
'അന്നത്തെ പൊലീസ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. പിന്‍വാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധി. അടിയന്തരമായി സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണം. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാന്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഇനിയും അന്വേഷണം പ്രഹസനമായി മാറും. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ തയ്യാറാകണം', ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം.