യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രകടനപത്രിക മൂന്ന് മാസത്തിനകം നടപ്പാക്കും: വി.ഡി. സതീശൻ
യുഡിഎഫ് അധികാരത്തിൽ വന്നാൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കി തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള വ്യക്തമായ കർമ്മപദ്ധതി യുഡിഎഫിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതകൾക്ക് സൗജന്യ യാത്ര, കെഎസ്ആർടിസിക്ക് സർക്കാർ സബ്‌സിഡി നൽകി സ്വയംപര്യാപ്തമാക്കൽ തുടങ്ങിയവയ്ക്ക് യുഡിഎഫ് മുൻഗണന നൽകും. വിവാദമായ കിഫ്ബി കണക്കുകൾ പുറത്തുവിടുമെന്നും കേരളത്തിന്റെ പൊതുവരുമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ യാതൊരു തർക്കവുമില്ലെന്നും കേരളത്തിൽ നാളിതുവരെയില്ലാത്ത വിധം ഒറ്റക്കെട്ടായ നേതൃത്വമാണ് കോൺഗ്രസിനുള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ ഭരണത്തിൽ നല്ല കമ്മ്യൂണിസ്റ്റുകാർ പോലും മടുത്തു കഴിഞ്ഞു. അവർ മനസ്സ് കൊണ്ട് യുഡിഎഫിനൊപ്പമാണ്. സ്ഥാനാർത്ഥി നിർണ്ണയം വൈകിയിട്ടില്ലെന്നും 48 മണിക്കൂറിനുള്ളിൽ 92 പേരെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായി സീറ്റ് നിർണ്ണയത്തിൽ ഒരു തർക്കവുമുണ്ടായിട്ടില്ല. ചില സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ധാരണയുണ്ടെന്നും യുഡിഎഫിൽ നിന്ന് അകന്നുപോയ സാമൂഹിക ഘടകങ്ങൾ പൂർണ്ണമായി തിരിച്ചുവന്നത് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ തെളിഞ്ഞതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സർക്കാരിന്റെ കള്ളപ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ പൊളിച്ചടുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
