പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; അമൽ ജിത്തിന് പകരം പരീക്ഷയെഴുതാനെത്തിയത് സഹോദരൻ അഖിൽ ജിത്ത് ? ഇരുവരും ഒളിവിൽ
പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്.
നേമം സ്വദേശി അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമൽ ജിത്തിന്‍റെതാണ്. അമൽ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാൻ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. അമൽജിത്തിന്‍റെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖിൽ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്.
അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെട്ടു.