ഹിമാചല്‍ പ്രദേശില്‍ കോൺ​ഗ്രസ് അയോ​​ഗ്യരാക്കിയ ആറ് എം.എൽ.എ മാർക്കും ബി.ജെ.പി സീറ്റ് നൽകി

  1. Home
  2. Trending

ഹിമാചല്‍ പ്രദേശില്‍ കോൺ​ഗ്രസ് അയോ​​ഗ്യരാക്കിയ ആറ് എം.എൽ.എ മാർക്കും ബി.ജെ.പി സീറ്റ് നൽകി

himachal pradesh


ഹിമാചല്‍ പ്രദേശില്‍ അയോ​ഗ്യരാക്കിയ കോൺ​ഗ്രസിലെ ആറ് എംഎൽഎമാ‍ർക്കും സീറ്റ് നൽകി ബിജെപി. ഹിമാചൽ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കും. ഈ ആറ് പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമടക്കം ഒമ്പത് പേ‍ർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. സുധീർ ശ‍ർമ്മ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദെർ ദത്ത് ലഘൻപാൽ, ചൈതന്യ ശർമ്മ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവരാണ് കോൺഗ്രസിൽ നിന്ന് വിട്ട് ബിജെയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും ഹാമിർപൂ‍ർ എംപിയുമായ അനുരാ​ഗ് താക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂ‍ർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി അം​ഗത്വം സ്വീകരിച്ചത്.

സുധീർ ശർമ്മ ധരംശാലയിലും രവി താക്കൂർ ലഹോൽ - സ്പിറ്റിയിൽ നിന്നും രജീന്ദർ റാണ സുജൻപൂരിൽ നിന്നും ഇന്ദെർ ദത്ത് ലഘൻപാൽ ബർസാറിൽ നിന്നും ചൈതന്യ ശർമ്മ ​ഗ​ഗ്രേത്തിൽ നിന്നും ദേവീന്ദർ കുമാർ ഭൂട്ടോ കുട്ലെഹാറിൽ നിന്നും മത്സരിക്കും. ഈ ആറ് സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ ഉൾപ്പെട്ട ഹിമാചലിലെ നാല് ലോക്സഭാ മണ്ഡ‍ലങ്ങളിലേക്കും തിര‍ഞ്ഞെടുപ്പ് നടക്കുന്നത് ഇതേ ദിവസമാണ്.

ഫെബ്രുവരി 29നാണ് ആറ് എംഎൽമാരെയും അയോഗ്യരാക്കിയത്. നിയമസഭയിൽ ഹാജരാകാനുള്ള കോൺഗ്രസ് പാർട്ടിയുടെ വിപ്പ് ലംഘിച്ചതിന് ഫെബ്രുവരി 29 ന് ആറ് എംഎൽഎമാരെ അയോഗ്യരാക്കുകയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വിജയിച്ചതോടെ ഹിമാചലിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലാകുകയായിരുന്നു. ആറ് കോൺഗ്രസ് എംഎൽഎമാരും കോൺഗ്രസിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്വി പരാജയപ്പെടുകയായിരുന്നു.