പി.എഫിൽ മാതാപിതാക്കൾ എക്കാലത്തും നോമിനിയായിരിക്കില്ല; സുപ്രീം കോടതി
വിവാഹം കഴിക്കുന്നതോടെ ജീവനക്കാരുടെ ജനറൽ പ്രൊവിഡന്റ് ഫണ്ടിൽ (പി.എഫ്.) നൽകിയിരുന്ന മാതാപിതാക്കളുടെ നോമിനേഷൻ അസാധുവാകുമെന്ന് സുപ്രീം കോടതി. ജീവനക്കാരൻ വിവാഹിതനാകുന്നതോടെ മാതാപിതാക്കളുടെ നാമനിർദ്ദേശം അസാധുവാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു പരേതനായ കേന്ദ്ര ജീവനക്കാരന്റെ പി.എഫ്. തുക ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
2000-ൽ ഡിഫൻസ് അക്കൗണ്ട്‌സ് വകുപ്പിൽ ജോലിക്ക് ചേർന്നപ്പോൾ ജീവനക്കാരൻ അമ്മയെയായിരുന്നു ആനുകൂല്യങ്ങൾക്കും ഇൻഷുറൻസിനും നോമിനിയായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, 2003-ൽ വിവാഹിതനായപ്പോൾ ഗ്രൂപ്പ് ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി എന്നിവയിൽ നിന്ന് അമ്മയുടെ പേര് മാറ്റി ഭാര്യയെ നോമിനിയാക്കി. എങ്കിലും പി.എഫിലെ നോമിനിയെ മാറ്റാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല.
2021-ൽ ജീവനക്കാരൻ മരിച്ചതോടെ പി.എഫ്. തുക സംബന്ധിച്ച് തർക്കമുണ്ടായി. തുടർന്ന്, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പി.എഫ്. തുക ഭാര്യക്കും അമ്മക്കും തുല്യമായി പകുത്തു നൽകാൻ വിധിച്ചു. എന്നാൽ, പി.എഫിലെ നോമിനിയെ മാറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഭാര്യക്ക് പി.എഫ്. നൽകാനാവില്ലെന്ന് ഉത്തരവിട്ടു. ഈ ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ നടപടി.
